Sunday, 26 April 2020

മഴ കാലത്തു പൊതുസ്ഥലങ്ങളില്‍ ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാനും, താഴ്ന്നു കിടക്കാനും, സാധ്യതകളുണ്ട്. അശ്രദ്ധ, അറിവില്ലായ്മ എന്നിവ മൂലമാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്. ജീവൻ അപകടത്തിലാകാതിരിക്കാൻ താഴെ പറഞ്ഞ നിർദേശങ്ങൾ പാലിക്കുക.

ആദ്യമായി വൈദ്യുതി കമ്പികൾ പൊട്ടി വീണതായി ശ്രദ്ധയിൽ പെട്ടാൽ എത്രെയും വേഗം 9496 061 061 വിളിക്കുകയോ അല്ലെങ്കിൽ 1912 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.


വൈദ്യുതാഘാതം ഏറ്റാൽ എന്ത് ചെയ്യണം?

1∙ ആദ്യം തന്നെ മെയിൻ സ്വിച്ച് വിച്ഛേദിക്കണം.

2∙ രണ്ടാമതായി രോഗിയെ ഷോക്കടിക്കുന്ന സ്ഥലത്തിൽ നിന്ന് മാറ്റണം. അതിനായി നനയാത്ത പ്ലാസ്റ്റിക്/ റബ്ബർ/ പേപ്പർ കൊണ്ടുള്ള വസ്തു കൊണ്ട് രോഗിക്ക് ഷോക്കേറ്റ് കൊണ്ടിരിക്കുന്ന ഭാഗത്തു ശക്തിയായി അടിച്ചോ തള്ളിയോ മാറ്റുക.

3∙ അടുത്തതായി രോഗി അനങ്ങുന്നുണ്ടോ എന്ന് നോക്കുക. അനങ്ങുന്നുണ്ടെങ്കിൽ എവുടെയെങ്കിലും
പൊള്ളിയിട്ടുണ്ടോ എന്ന് നോക്കുക. പൊള്ളിയ ഭാഗം 20 മിനിറ്റ് സാധാരണ വെള്ളത്തിൽ കഴുകിയതിനു ശേഷം ആശുപത്രിയിലേക്ക് എത്തിക്കുക.

4∙ അനങ്ങാത്ത വ്യക്തിയാണെങ്കിൽ കഴുത്തിലെ നാടി (pulse) നോക്കുക. നോക്കാൻ അറിയില്ലെങ്കിലോ പൾസ് കിട്ടുന്നില്ലെങ്കിലോ CPR (കാർഡിയോ പൾമനറി റിസ്സ്‌സിറ്റേഷൻ) ചെയ്യുക. അതിനായി രോഗിയെ നിരപ്പായ പ്രതലത്തിൽ മലർത്തിക്കിടത്തുക. രോഗിയുടെ മാറെല്ലിനു മുകളിലായി ഇടതുകൈപ്പത്തിയും അതിനു മുകളിലായി വലതുകൈപ്പത്തിയും ചേർത്തുവെക്കുക. കൈമുട്ടുകൾ മടക്കാതെ കൈകൾ നിവർത്തിപ്പിടിച്ചുകൊണ്ട് മാറെല്ല് ശക്തിയായി താഴേക്കമർത്തണം. 5-6 സെന്റീമീറ്റർ വരെ താഴുമ്പോൾ ഹൃദയം ഞെരുങ്ങി ഹൃദയ അറകളിൽ ശേഖരിച്ചിരിക്കുന്ന രക്തം പുറത്തേക്ക് പ്രവഹിക്കും. നെഞ്ചിൽ 30 പ്രാവശ്യം നെക്കിയതിനു ശേഷം രോഗിയുടെ വായിലേക്ക് 2 പ്രാവശ്യം ശക്തിയായി ഊതി കൃത്രിമശ്വാസോച്ഛ്വാസവും നൽകണം. രോഗിയുടെ പൾസോ ചലനങ്ങളൊ പ്രത്യക്ഷപ്പെടുന്നതുവരെയോ ഹൃദ്രോഗപരിചരണ സംവിധാനമുള്ള ആശുപത്രിയിലെത്തിക്കുന്നതുവരെയോ സി.പി.ആർ. തുടരണം.

5∙ വൈദ്യുതാഘാതം എറ്റു പല വ്യക്തികളും തെറിച്ചു വീഴാറുണ്ട്. തെറിച്ചു വീണിട്ടുണ്ടെങ്കിൽ വേറെയും പരുക്കുകൾ കാണും (ഉദാ: കാലൊടിയുക).
അത് കൊണ്ട് തന്നെ ഇത്തരം രോഗിയെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ വളരെ സൂക്ഷിച്ചു വേണം.

വൈദ്യുതാഘാതം എങ്ങനെ  ഒഴിവാക്കാം?

 1∙ മറിഞ്ഞു വീണ ഇലക്ട്രിക് പോസ്റ്റുകള്‍, മരങ്ങള്‍, അതുമായി സമ്പര്‍ക്കത്തിലാവാനിടയുള്ള വസ്തുക്കള്‍ എന്നിവയില്‍ നിന്നും അകലം പാലിക്കുക.

2∙ സമീപത്തുള്ള വെള്ളത്തില്‍ സ്പര്‍ശിക്കാതെയിരിക്കണം. വെള്ളത്തിൽ തൊട്ടാൽ ശക്തിയായ വൈദ്യുതി ആഘാതമേൽക്കും.

3∙ താഴ്ന്നു കിടക്കുന്ന പവര്‍ ലൈനുകള്‍ക്ക് അടിയിലൂടെ പോവാനോ, മുകളിലൂടെ ചാടി പോവാനോ ശ്രമിക്കുകയോ എന്തെങ്കിലും കൊണ്ട് അത് ഉയര്‍ത്താനോ ശ്രമിക്കാതിരിക്കുക.

4∙ അത് വഴി കടന്നു പോവാന്‍ സാധ്യതയുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം കൊടുക്കുക, ബോര്‍ഡുകള്‍ സ്ഥാപിക്കുക വഴി മറ്റുള്ളവര്‍ അപകടത്തില്‍ പെടാനുള്ള സാധ്യത തടയുക.

5∙ ഒരാള്‍ ഷോക്ക്‌ ഏറ്റു കിടക്കുന്നത് കണ്ടാലും വൈദ്യുതി ബന്ധം വിശ്ചെദിച്ചതിനു ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ.

6∙ പൊട്ടി കിടക്കുന്ന ലൈനുകള്‍ക്ക് മറി കടന്ന് വാഹനങ്ങള്‍ ഓടിച്ചു പോവാന്‍ ശ്രമിക്കരുത്. വാഹനം വൈദ്യുതി കമ്പിയുമായി സമ്പര്‍ക്കത്തില്‍ ആണെന്ന് തോന്നിയാല്‍, വൈദ്യുതി വിശ്ചെദിക്കുന്നതുവരെ പുറത്തുള്ളവര്‍ കാറിനു അടുത്തേക്ക്‌ വരാതിരിക്കാന്‍ നിര്‍ദ്ദേശിക്കുക.

7∙ നനഞ്ഞ ഭിത്തിയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കുക. പല മരണങ്ങളും സംഭവിക്കുന്നത് ഇങ്ങനെയാണ്.

8∙ വീടുനുള്ളില്‍ വെള്ളം കയറാനുള്ള സാഹചര്യം മുന്‍കൂട്ടി കണക്കാക്കി മുറികളില്‍ വെള്ളം കടക്കുന്നതിനു മുന്‍പ് തന്നെ മെയിന്‍ സ്വിച്ച് ഓഫാക്കുക.വൈദ്യുത ഉപകരണങ്ങള്‍ വേര്‍പെടുത്തി നനയാതെ സൂക്ഷിക്കുക.

9∙ വെള്ളം ഉള്ളില്‍ കയറിക്കഴിഞ്ഞാല്‍ വെള്ളത്തില്‍ ചവിട്ടി നിന്ന് വൈദ്യുതി ഓഫ്‌ ചെയ്യാന്‍ ശ്രമിക്കുകയോ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്.

10∙വെള്ളം ഇറങ്ങിക്കഴിഞ്ഞു വീട്ടിലേക്കു വരുമ്പോഴും വൈദ്യുതി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യം ഉള്ള ആളുടെ (എലക്ട്രിഷ്യൻ) സഹായത്തോടെ ഷോക്ക് ഏല്‍ക്കാന്‍ സാധ്യത ഇല്ലാ എന്ന് ഉറപ്പു വരുത്തി തിരികെ കയറുന്നതാണ് സുരക്ഷിതം. മുങ്ങി ഇരുന്ന ഇലക്ട്രിക് വയറുകള്‍, ഉപകരണങ്ങള്‍ എന്നിവ സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്താതെ പ്രവര്‍ത്തിപ്പിക്കുന്നത് അപകടത്തിനിടയാക്കാം.

വീണ്ടും ആവർത്തിക്കുന്നു: ഇലക്ട്രിക്ക് ലൈൻ പൊട്ടി കിടന്നാൽ സ്വയം നന്നാക്കാനോ അടുത്ത് പോകാനോ പാടില്ല. (KSEB) കെ.എസ്.ഇ.ബി അധികൃതരെ ഉടനെ അറിയിക്കുക.


ഇടിമിന്നൽ സാധ്യതയേറുന്നു: അപകടം ഒഴിവാക്കാൻ ജാഗ്രതാ നിർദേശവുമായി സർക്കാർ ?

 മുൻകരുതൽ നിർദ്ദേശങ്ങൾ ഇങ്ങനെ...:-

തിരുവനന്തപുരം : വരുന്ന അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമനായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.
ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ അറിയിച്ചു.
ചില സമയങ്ങളിൽ രാത്രി വൈകിയും ഇടിമിന്നൽ തുടരാനുള്ള സാധ്യതയുണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരിയാണ്.
അവ മനുഷ്യ ജീവനും വൈദ്യുതോപകരണങ്ങൾക്കും വൻതോതിൽ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിമിന്നൽ സാധ്യതയുള്ളതിനാൽ സർക്കാൻ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ഇങ്ങനെ.

1. കുട്ടികൾ ഉച്ച കഴിഞ്ഞ് രണ്ടു മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കണം.
3. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഇടിമിന്നലുള്ള സമയത്ത് തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തക്കോ പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണമെന്നും അധികൃതർ അറിയിച്ചു.
4. ജനലുകളും വാതിലുകളും അടച്ചിടണം. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം. ടെലിഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കണം.
5. ഇടിമിന്നലുള്ള സമയത്ത് കുളിക്കരുത്.
6. കഴിയുന്നതും മുറിക്കുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കണം. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
7. വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസായ സ്ഥലത്ത് നിർത്തി ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്. പട്ടം പറത്തുവാൻ പാടില്ല. തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കണം.
8. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.
9. ഇടിമിന്നലിൽ നിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം.
മിന്നലിൽ ആഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്.
ശക്തമായ വേനൽ മഴയ്ക്കൊപ്പം ഉണ്ടാവുന്ന ഇടിമിന്നൽ ദൃശ്യമാവില്ല. അതുകൊണ്ട് തന്നെ മുൻകരുതൽ നടപടികൾ പാലിക്കാതെ ഇരിക്കുകയുമരുത്. കനത്ത ജാഗ്രതയും പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കി.